---
title: "തലശ്ശേരിയിൽ ഡ്യൂട്ടി ഫ്രീ ഷാപ്പിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; രണ്ട് ലക്ഷത്തോളം രൂപയുടെ ഇ-സിഗരറ്റുകളും നിക്കോട്ടിൻ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു"
english_title: "Police raid duty-free shop in Thalassery; e-cigarettes and nicotine products worth Rs. 2 lakh seized"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/369269/Police raid duty-free shop in Thalassery; e-cigarettes and nicotine products worth Rs. 2 lakh seized"
published_at: "2026-06-29T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4259880a6d1_1001301607.jpg"
keywords: ["Police", "Raid", "Thalassery", "Duty-free shop", "e-cigarette"]
---

# തലശ്ശേരിയിൽ ഡ്യൂട്ടി ഫ്രീ ഷാപ്പിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; രണ്ട് ലക്ഷത്തോളം രൂപയുടെ ഇ-സിഗരറ്റുകളും നിക്കോട്ടിൻ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു

> **Lead Summary:**  തലശ്ശേരി :തലശ്ശേരി നഗരത്തിലെ എ.വി.കെ. നായർ റോഡിലെ പ്രവർത്തിക്കുന്ന 'സൂക്ക് ഡ്യൂട്ടി ഫ്രീ' ഷാപ്പ് കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് മിന്നൽ റെയ്ഡിൽ നിരോധിത നിക്കോട്ടിൻ ഉൽപ്പന്നങ്ങളും ഇ-സിഗരറ്റുകളും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിങ്കളാഴ്ച ഉച്ചയോടെയാണ് തലശ്ശേരി എസ്.ഐ. അശ്വതി കുന്നോത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

## Article Content

 തലശ്ശേരി :തലശ്ശേരി നഗരത്തിലെ എ.വി.കെ. നായർ റോഡിലെ പ്രവർത്തിക്കുന്ന 'സൂക്ക് ഡ്യൂട്ടി ഫ്രീ' ഷാപ്പ് കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് മിന്നൽ റെയ്ഡിൽ നിരോധിത നിക്കോട്ടിൻ ഉൽപ്പന്നങ്ങളും ഇ-സിഗരറ്റുകളും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിങ്കളാഴ്ച ഉച്ചയോടെയാണ് തലശ്ശേരി എസ്.ഐ. അശ്വതി കുന്നോത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

വിദേശ ഉൽപ്പന്നങ്ങളുടെ വിൽപ്പനയുടെ മറവിൽ ലഹരി ഉപയോഗത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്ന നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ദിവസങ്ങളായി സ്ഥാപനത്തെ നിരീക്ഷിച്ചിരുന്നത്. പരിശോധനയിൽ കടയിൽ നിന്നും സമീപത്തെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നുമായി ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഇ-സിഗരറ്റുകൾ, നിക്കോട്ടിൻ ലായനി നിറച്ച ബോട്ടിലുകൾ, അവ ഉപയോഗിക്കുന്ന വേപ്പ് ഉപകരണങ്ങൾ എന്നിവ കണ്ടെത്തി.

പൊലീസിന്റെ പ്രാഥമിക അന്വേഷണപ്രകാരം, ഉൽപ്പന്നങ്ങളുടെ കൈമാറ്റം ഡ്യൂട്ടി ഫ്രീ ഷാപ്പിലൂടെയും സംഭരണം സമീപത്തെ ഗോഡൗണിലുമായിരുന്നു നടന്നിരുന്നത്. ധർമ്മടം സ്വദേശിയായ ഫിനാനാണ് 'സൂക്ക്' ഡ്യൂട്ടി ഫ്രീ സ്ഥാപനം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. റെയ്ഡ് നടക്കുമ്പോൾ ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല.

പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നും സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും എസ്.ഐ. അശ്വതി അറിയിച്ചു. നിയമവിരുദ്ധ നിക്കോട്ടിൻ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിതരണവും തടയുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും അവർ പറഞ്ഞു.

റെയ്ഡിൽ എസ്.ഐമാരായ റഫീഖ്, ഷിനു, സീനിയർ സി.പി.ഒമാരായ സുബിൻ ഷമിൽ, റോഷിൻ എന്നിവരും പങ്കെടുത്തു.

.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/369269/Police raid duty-free shop in Thalassery; e-cigarettes and nicotine products worth Rs. 2 lakh seized)